
തിരുവനന്തപുരം: ഗൂഗിൾ പേ വഴി ടിക്കറ്റ് പണമടയ്ക്കാൻ വൈകിയെന്ന കാരണത്താൽ കെഎസ്ആർടിസി കണ്ടക്ടർ പരസ്യമായി അധിക്ഷേപിച്ച് രാത്രിയിൽ റോഡിൽ ഇറക്കിവിട്ടെന്ന യുവതിയുടെ പരാതിയിൽ നടപടിയുമായി കെഎസ്ആർടിസി. ആരോപണ വിധേയനായ കണ്ടക്ടറെ പിരിച്ചുവിട്ടു. വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശി സി. അനിൽകുമാറിനെയാണ് സർവീസിൽ നിന്നും ഒഴിവാക്കിയത്.
വെള്ളറട കോട്ടയംവിളാകം റോഡരികത്തെ വീട്ടിൽ നിന്ന് എസ്. ദിവ്യയ്ക്കാണ് കെഎസ്ആർടിസി ബസിൽ ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ദിവ്യ അസുഖബാധിതയായതിനാൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങിയ ശേഷം വെള്ളറടയിലേക്ക് പോകുകയായിരുന്നു. ടിക്കറ്റ് വാങ്ങാൻ ഗൂഗിൾ പേ ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോണിന്റെ റേഞ്ച് കുറവായതിനാൽ സാധിച്ചില്ല.
ബസ് വെള്ളറടയിൽ എത്തുമ്പോൾ പണം നൽകാമെന്നു പറഞ്ഞെങ്കിലും കണ്ടക്ടർ അധിക്ഷേപിച്ചെന്നും രാത്രി 9.10ന് തോലടിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നുമാണ് എടിഒയ്ക്കു ദിവ്യ നൽകിയ പരാതി. ഭർത്താവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് രാത്രി വീട്ടിൽ രണ്ടു ചെറിയ കുട്ടികളെ മാത്രമാക്കി ബൈക്കിൽ ദിവ്യയെ വന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
കെഎസ്ആർടിസി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കണ്ടക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം, സംഭവം നടന്നിട്ടില്ലെന്നും യുവതി ബസിൽ കയറിയിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു. കളിയിക്കാവിള– വെള്ളറട റൂട്ടിലാണ് ബസ് സർവീസ്. സംഭവദിവസം ഈ ബസ് കൂനമ്പനയിലേക്കു പോയിട്ടില്ലെന്നും അനിൽ പറഞ്ഞു.









